മൂന്നാം ഊഴത്തിന് തയ്യാറെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി - Kottayam Media

Kerala

മൂന്നാം ഊഴത്തിന് തയ്യാറെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

Posted on

മൂന്നാം ഊഴത്തിന് തയ്യാറെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. ഗുജറാത്തിലെ ഭറൂച്ചില്‍ ഉത്കര്‍ഷ് സമാരോഹ് പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ നാല് പദ്ധതികളുടെ ഗുണഭോക്താക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിക്കല്‍ ഞാനൊരു മുതിര്‍ന്ന നേതാവിനെ കണ്ടു. രാഷ്ട്രീയപരമായി അദ്ദേഹം എന്റെ എതിര്‍ ചേരിയിലാണ്. പക്ഷേ, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു ദിവസം മറ്റുചില ആവശ്യങ്ങള്‍ക്കായി അദ്ദേഹം എന്നെ കാണാന്‍ വന്നു. അദ്ദേഹം ചോദിച്ചു, മോദീജി ഇനി താങ്കള്‍ക്ക് എന്താണ് നേടാനുള്ളത്? രാജ്യം രണ്ടു തവണ താങ്കളെ പ്രധാനമന്ത്രിയാക്കിയില്ലേ? രണ്ടുതവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍ അദ്ദേഹത്തിനറിയില്ല ഈ മോദിയെ മറ്റൊന്നുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ് പക്ഷേ, ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല. പരിപൂര്‍ണതയാണ് എന്റെ സ്വപ്‌നം. 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കണം.

 

2014ല്‍ ആദ്യം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ശൗചാലയ സൗകര്യങ്ങള്‍, വാക്‌സിനേഷന്‍, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ലഭ്യമല്ലായിരുന്നു. ഒരുതരത്തില്‍ അവര്‍ക്കത് നിഷേധിക്കപ്പെട്ടിരിക്കയായിരുന്നു. നമ്മുടെ പ്രയത്‌നത്താല്‍ പല പദ്ധതികളും 100 ശതമാനം പൂര്‍ത്തീകരിക്കാനായി. ഇവയെല്ലാം വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് പോലും കൈവെയ്ക്കാന്‍ ഭയമായിരുന്നു. എന്നാല്‍, ഞാനിവിടെ രാഷ്ടീയം കളിക്കാനല്ല, രാജ്യത്തെ ജനങ്ങളെ സേവിക്കാണ് വന്നത്, അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി നേതാക്കളുടെ ആരുടേയും പേരെടുത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ മുതിര്‍ന്ന എന്‍.സി.പി നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രിയെ കണ്ട് ഒരുമാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസംഗം എന്നതാണ് പലരും ചേര്‍ത്ത് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version