ആരോഗ്യ നില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ നിലയിൽ നേരിയ പുരോഗതി.

ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പികുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു. 48 മണിക്കൂർ കൂടി പോപ്പ് നിരീക്ഷണത്തിൽ തുടരും.
കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ല. പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ പോപ്പിന് ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു.
സങ്കീർണമായ ശ്വാസകോശ അണുബാധയെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയിൽ കഴിയുകയാണ് ഫ്രാൻസിസ് മാർപാപ്പ. വെള്ളിയാഴ്ച മാർപാപ്പ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും വൈകീട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഛർദിയെത്തുടർന്ന് ശ്വാസതടസ്സം നേരിട്ടതിനാലാണ് അദ്ദേഹത്തെ മെക്കാനിക്കൽ വെന്റിലേഷനിലേക്ക് മാറ്റിയത്.

