തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. അജിത് കുമാറിന്റെ ഇടപെടലില്‍ ദുരൂഹമുണ്ടെന്ന് ജനയുഗത്തിന്റെ മുഖപ്രസംത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്നും തൃശൂരിലുണ്ടായിട്ടും എഡിജിപി ഇടപെട്ടില്ലെന്നും ‘ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
അന്വേഷണ റിപ്പോര്‍ട്ടിലേതെന്ന് പറയുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് വസ്തുതകളെ പൂര്‍ണമായി പുറത്തുകൊണ്ടുവരാന്‍ വിസമ്മതിക്കുന്നതായി വേണം മനസിലാക്കാനെന്നും മുഖപ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. ‘വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്.
സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടും വരെ പ്രസക്തമാണ്. അഭൂതപൂര്‍വമായ ഈ കാലതാമസത്തിന്റെ കാര്യകാരണങ്ങള്‍ സ്വാഭാവികമായും റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഉണ്ടാവുമെന്നേ ഇപ്പോള്‍ പ്രതീക്ഷിക്കാനാവൂ. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങള്‍ ഇതിനകം പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നു,’ മുഖപ്രസംഗത്തില്‍ പറയുന്നു.