Kerala

പെരിന്തൽമണ്ണയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്‌സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്‌സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ. 11.63 ഗ്രാം എംഡിഎംഎയുമായി പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിക്കടത്ത് തടയുന്നതിനായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ എസ്‌ഐ അൻവർ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. പെരിന്തൽമണ്ണ ടൗണിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും പിടിയിലായത്

പ്രതികൾക്ക് എംഡിഎംഎ ലഭിച്ചത് എവിടെനിന്നാണെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്നും കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ലോഡ്ജിലെ ലഹരി ഇടപാടുകളിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ലഹരിമരുന്ന് വിതരണത്തിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിരുന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.

ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി അറിയിച്ചു. ലഹരിക്കടത്തിന് വാഹനമോ സാമ്പത്തിക സഹായമോ നൽകുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top