കൊച്ചി: തെങ്ങോട് ഗവ. ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ സഹപാഠികള്‍ നായ്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസെടുത്തത്.

കുട്ടിയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും രണ്ട് അധ്യാപകര്‍ക്ക് എതിരെയുമാണ് വിദ്യാര്‍ത്ഥിനി പരാതി പറഞ്ഞത്. നായ്കുരണ പൊടി എറിയുന്നതിന് മുന്‍പ് ഇതേ വിദ്യാര്‍ത്ഥികള്‍ തന്നെ ഡെസ്‌ക്ക് ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പോലീസിനോട് പരാതി ഉന്നയിച്ചു. സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി. ബോധപൂര്‍വ്വമുള്ള ഉപദ്രവിക്കല്‍ എന്ന കുറ്റമാണ് ഇവര്‍ക്കെല്ലാവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.
മാര്‍ച്ച് 3ന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിനാല്‍ ഈ കുട്ടികളുടെ മൊഴിയെടുക്കുന്നതും മറ്റ് നടപടി ക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതിലും ആശങ്കയുണ്ട്.

