പ്രവാസി ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിലെന്ന് പോലീസ് - Kottayam Media

Kerala

പ്രവാസി ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിലെന്ന് പോലീസ്

Posted on

പെരിന്തൽമണ്ണ : പ്രവാസി ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിലെന്ന് പോലീസ്. ഇവരിൽ മൂന്നുപേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി പറഞ്ഞു. മരിച്ച അഗളി സ്വദേശി അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ യഹിയയെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

 

യഹിയ കാറിൽ അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെള്ളക്കാറിലാണ് അബ്ദുൾ ജലീലിനെ എത്തിച്ചത്. ഡ്രൈവിംഗ് സീറ്റിലായിരുന്നു യഹിയ. ജലീലിനെ പിന്നിലെ സീറ്റിൽ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്റെ ശരീരമാകെ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സ്വർണക്കടത്ത് സംഘം തന്നെയാണ് സംഭവത്തിന്‌ പിന്നിൽ എന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.

ജിദ്ദയിൽ നിന്നും മെയ് 15 ന് നാട്ടിലെത്തിയ അബ്ദുൽ ജലീലിനെ വിമാനത്താവളത്തിൽ സ്വീകരിക്കാനായി ഭാര്യയും വീട്ടുകാരും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാര്‍ വരേണ്ടതില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം താൻ വീട്ടിലേക്ക് എത്താമെന്നും അബ്ദുൽ ജലീൽ തന്നെ ഫോണിൽ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. ദിവസങ്ങളോളം കാണാതായതോടെ അഗളി സ്റ്റേഷനിൽ പരാതി നൽകി.

പോലീസിൽ പരാതി നൽകി തിരികെയെത്തിയപ്പോൾ വീട്ടിലേക്ക് ജലീലിന്റെ ഫോൺവിളി വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പോലീസിൽ പരാതി നൽകിയതെന്തിനാണെന്നും ചോദിച്ചു. പോലീസിൽ നൽകിയ കേസ് പിൻവലിക്കാനും പറഞ്ഞു. പിറ്റേന്നും ഭര്‍ത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ ഫോണിൽ വിളിച്ചു, കേസ് പിൻവലിച്ചോയെന്ന് ചോദിച്ചു. കേസ് പിൻവലിച്ചിരുന്നില്ലെങ്കിലും പിൻവലിച്ചതായി മറുപടി പറഞ്ഞു എന്നും ജലീലിന്റെ ഭാര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version