തിരുവനന്തപുരം: പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്തവരുടെ അടക്കം പേര് വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ പോക്‌സോ കേസ് ചുമത്തപ്പെട്ടതിൽ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. തനിക്കെതിരെ വ്യക്തിഹത്യ നടത്താൻ വേണ്ടി മാത്രം ഉയർത്തിക്കൊണ്ടുവന്ന പരാതിയാണ് ഇതെന്നും വീഡിയോയിൽ പറഞ്ഞത് പ്രായപൂർത്തിയായവരുടെ പേരുകൾ മാത്രമാണെന്നും ആർ ശ്രീലേഖ പറഞ്ഞു.

‘മുപ്പത്തിമൂന്നര വർഷം പൊലീസ് ഉദ്യോഗസ്ഥയായ വ്യക്തിയാണ്. 2012 ൽ പോക്സോ ഇറങ്ങിയപ്പോൾ സന്തോഷിച്ചയാളാണ്. കുട്ടികൾക്കും വനിതകൾക്കും വേണ്ടി പ്രവർത്തിച്ചയാളാണ്. നിർഭയ സ്‌കീം വന്നപ്പോൾ അതിന്റെ നോഡൽ ഓഫീസർ ആയിരുന്നു. 2020ലോ 2021 ലോ സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിൽ ചെയ്ത വീഡിയോയിൽ പേര് വെളിപ്പെടുത്തിയെന്നാണ് കേസിൽ പറയുന്നത്.