കോഴിക്കോട്: ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അശ്ലീല കമന്റുമായി കോഴിക്കോട് പുറമേരി സ്വദേശി.

‘ഷാലു ഷാലുഷാലൂസ്’ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് കമന്റുവന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ തീര്‍ത്തും മോശമായ പരാമര്‍ശമാണ് ഇയാള്‍ നടത്തിയിരിക്കുന്നതെന്നും സംഭവത്തില്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കുമെന്ന് സിപിഐഎം അറിയിച്ചു. ഫേസ്ബുക്ക് പേജില്‍ ഇയാള്‍ മുന്‍പും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായാണ് മനസിലാക്കുന്നത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളെക്കണ്ടപ്പോഴായിരുന്നു ഇസ്രയേലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചത്. ഇസ്രയേല്‍ പണ്ടേ തെമ്മാടി രാഷ്ട്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് ഇസ്രയേല്‍ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

