ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം വഹിക്കാന്‍ യോഗ്യനല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. ഏത് വിധേനയും പെണ്‍കുട്ടികളെ വലയിലാക്കുക. എന്നിട്ട് വലിച്ചെറിയുക എന്ന രീതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തിച്ചത്.

അപമാനഭാരം കാരണമാണ് പെണ്‍കുട്ടി പരാതി നല്‍കാത്തത്. അതിര് കടന്ന അഹങ്കാരവും ധിക്കാരവുമാണ് രാഹുലിന്റെ മുഖമുദ്രയെന്നും പി കെ ശ്രീമതി ഡല്‍ഹിയില്‍ ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ശബ്ദം ഉയര്‍ത്താത്തത് ചോദ്യം ചെയ്ത തനിക്ക് നേരെ വന്‍ സൈബര്‍ ആക്രമണം ഉണ്ടായി. കോണ്‍ഗ്രസിന്റെ വെട്ടുകിളി കൂട്ടത്തിന് തന്നെ നശിപ്പിക്കാന്‍ ആകില്ലെന്നും സിപിഎം നേതാവ് പറഞ്ഞു. പാലക്കാട് ജില്ലയില്‍ സിപിഎം സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി കെ ശശിക്കെതിരെ ഒരു പരാതി ഉയർന്നപ്പോൾ പാര്‍ട്ടി നടപടി എടുത്തു.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും പി കെ ശശിയെ നീക്കി. എല്ലാ തരത്തിലും നടപടി സ്വീകരിക്കുകയും കേസെടുക്കുകയും ചെയ്തു. പാര്‍ട്ടിയ്ക്ക് മുന്നില്‍ പരാതി എത്തിയാല്‍ അതാണ് സിപിഎമ്മിന്റെ നിലപാട്. ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളിലും സിപിഎം നടപടി സ്വീകരിച്ചിട്ടുണ്ട്.