പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ മരിച്ചതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു. നാല് ദിവസമായി നടന്ന ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിലെയും വ്യോമസേനയിലെയും എഴുപത്തിയെട്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി പാകിസ്താൻ സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

പാക് വ്യോമസേനയിൽ നിന്നുള്ളവരിൽ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപ്പറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പാക് സൈനികരായ നായിക്ക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നിവരും ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടു.

പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 100 ലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഏകദേശം 30-40 പാകിസ്താൻ സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചിരുന്നു.

