ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലും ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധത്തിന് എല്‍ഡിഎഫ് എംപിമാര്‍. പാര്‍ലമെന്റിന് അകത്തും പുറത്തും വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇടത് എംപിമാരുടെ തീരുമാനം. വിഷയത്തില്‍ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും എ എ റഹീം എംപിയും രംഗത്തെത്തി.

പൊലീസിനെ പൂര്‍ണമായും സംഘപരിവാര്‍ അണികളാക്കി മാറ്റിയെന്നും ഛത്തീസ്ഗഡിലും ഒഡീഷയിലും ആക്രമണം അഴിച്ചുവിട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ബംജ്‌റംഗ്ദളിനെതിരെ വിവിധയിടങ്ങളില്‍ നിരവധി കേസുകളുണ്ട്. എന്നാല്‍ നടപടിയില്ല. ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
