ചിരിപ്പിക്കാൻ മാത്രമല്ല,കേളി, കാതോട് കാതോരം എന്നീ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും വിജയിച്ചു ഈ അഭിനയ തികവ് - Kottayam Media

Kerala

ചിരിപ്പിക്കാൻ മാത്രമല്ല,കേളി, കാതോട് കാതോരം എന്നീ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും വിജയിച്ചു ഈ അഭിനയ തികവ്

Posted on

തനതായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ നടനായിരുന്നു ഇന്നസെന്‍റ്. ഹാസ്യ നടന്‍ എന്നതിലുപരി നായകന്‍, വില്ലന്‍ തുടങ്ങിയ വേഷങ്ങളിലും തിളങ്ങിയ ഇന്നസെന്‍റ് എന്ന നടന് പകരം വെയ്ക്കാന്‍ മറ്റൊരു നടനില്ല എന്ന് നിസ്സംശയം പറയാം.1972 ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്.

ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി.സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌, പൊന്മുട്ടയിടുന്ന താറാവ്, കാബൂളിവാല, ദേവാസുരം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

കേളി, കാതോട് കാതോരം തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലന്‍ വേഷവും തനിക്കിണങ്ങുമെന്ന് ഇന്നസെന്‍റ് തെളിയിച്ചു.2009 ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിന് ലഭിച്ചു. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.ദീര്‍ഘനാള്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റായിരുന്നു ഇന്നസെന്റ്.

2014 മേയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.2013ല്‍ ഇന്നസെന്റിന് കാന്‍സര്‍ രോഗം പിടിപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.

തുടര്‍ന്ന് കാന്‍സര്‍ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ”കാന്‍സര്‍ വാര്‍ഡിലെ ചിരി” എന്ന പുസ്തകം അദ്ദേഹം എഴുതിയിരുന്നു.ദൈവത്തെ ശല്യപ്പെടുത്തരുത് എന്ന ഓര്‍ക്കുറിപ്പും, ഇന്നസെന്‍റിന്‍റെ ഓര്‍മ്മകളും ആലീസിന്‍റെ പാചകവും, ഈ ലോകം അതിലൊരു ഇന്നസെന്‍റ്, ഞാന്‍ ഇന്നസെന്‍റ് – ആത്മകഥാ കുറിപ്പുകള്‍ തുടങ്ങിയവയും അദ്ദേഹത്തിന്‍റെ കൃതികളാണ്.പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.ഫഹദ് ഫാസില്‍ നായകനായ ചിത്രം ഏപ്രിൽ 28 നാണ് റിലീസ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version