India

ഡല്‍ഹിയെ നയിക്കാന്‍ എത്തുന്ന അതിഷി മര്‍ലേന ആരാണ്; റിപ്പോർട്ട്

താരതമ്യേന പുതിയ രാഷ്ട്രീയ പാര്‍ട്ടി, സ്ഥാപകനും പരമോന്നത നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ജയിലില്‍, രാജ്യ തലസ്ഥാനം ഉള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളുടെ ഭരണം കൈയ്യിലുണ്ടെങ്കിലും ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതിസന്ധിയിലാകുന്ന സാഹചര്യം. പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന് വിശേഷിപ്പിച്ച മനീഷ് സിസോദിയയും ജയിലില്‍. കൂടാതെ കേന്ദ്രഭരണത്തിന്റെ ബലത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍. അഴിമതിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് മദ്യനയ അഴിമതി കേസും. എല്ലാവരും ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പില്‍ പോലും സംശയം പ്രകടിപ്പിച്ച രാഷ്ട്രീയ സാഹചര്യം. ഈ വെല്ലുവിളികളില്‍ ഒരു നേതൃമുഖം എഎപിയില്‍ ഉയര്‍ന്നു. ഒരു പെണ്‍പുലി. അതാണ് അതിഷി മര്‍ലേന.

പ്രതിസന്ധിയിലാകാതെ ഡല്‍ഹി ഭരണം മുന്നോട്ടു കൊണ്ടുപോയി. പാര്‍ട്ടിക്കും അരവിന്ദ് കേജ്‌രിവാളിനുമെതിരായ ആക്രണങ്ങളില്‍ ചീറിയടുത്തു. എല്ലാത്തിനും കൃത്യമായ മറുപടി നല്‍കി. ഒപ്പം കേജ്‌രിവാളിനെ പുറത്ത് എത്തിക്കാനുളള നിയമപോരാട്ടങ്ങള്‍ക്കും നേത്യത്വം നല്‍കി. ഈ മികവ് കണ്ട് തന്നെയാണ് പ്രതിച്ഛായ വീണ്ടെുക്കല്‍ എന്ന അവസ്ഥയില്‍ നില്‍ക്കുന്ന എഎപി ഡല്‍ഹി ഭരണത്തിന്റെ തലപ്പത്ത് അതിഷിയെ ഇരുത്തുന്നത്. ഇതിലൂടെ വനിതാ വോട്ടര്‍മാരുടേയും സാധാരണക്കാരുടേയും പിന്തുണ കേജ്‌രിവാള്‍ പ്രതീക്ഷിക്കുന്നുണ്ട്.

കേജ്‌രിവാള്‍ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു അതിഷി. ഇനി ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകും. രാഷ്ട്രീയത്തിലെ അതികായരായിരുന്ന സുഷമ സ്വരാജ്, ഷീല ദീക്ഷിത്ത് എന്നിവരുടെ പിന്‍ഗാമിയാണ് അതിഷി. അടുത്ത അഞ്ച് മാസം അതിഷി ഡല്‍ഹി ഭരിക്കും. അടുത്ത നിയമസഭാ പോരാട്ടത്തിനും അതിഷി തന്നെയാകും നേതൃത്വം നല്‍കുക. എല്ലാം നിയന്ത്രിക്കുന്ന കിങ് മേക്കറുടെ റോളിലേക്ക് കേജ്‌രിവാള്‍ മാറിയിരിക്കുന്നു.

എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അതിഷി. ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം. ഇതോടെ പാര്‍ട്ടി പദവികളില്‍ അതിഷി കേന്ദ്രീകരിച്ചു. ആദ്യ എഎപി ഭരണത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ഉപദേശകയുടെ റോളിലെത്തി. അധ്യാപക ദമ്പതികളുടെ മകളായതിനാല്‍ ഈ റോളില്‍ അതിഷി തിളങ്ങി. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള നയം നടപ്പാക്കി. ഒപ്പം എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ മൊഹല്‍ ക്ലീനിക്കുകളും കൊണ്ടു വന്നു. ഇതോടെ ഡല്‍ഹിയുടെ ജനമനസുകളില്‍ എഎപി ഉറച്ചു.

നിലവിലെ കേജ്‌രിവാള്‍ മന്ത്രിസഭയില്‍ പ്രധാന 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. ഡല്‍ഹിയിലെ കുടിവള്ള പ്രശ്‌നത്തില്‍ ഹരിയാന സര്‍ക്കാരില്‍ നിന്നും നീതി ആവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹം അഞ്ച് ദിവസമാണ് നീണ്ടു നിന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലേക്ക് മാറാന്‍ അതിഷി സമ്മതം നല്‍കിയത്.

ഇടത് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന രക്ഷിതാക്കള്‍ കാറല്‍ മാര്‍ക്‌സ്, ലെനിന്‍ എന്നിവരുടെ പേരുകള്‍ ചേര്‍ത്താണ് മകള്‍ക്ക് അതിഷി മെര്‍ലാന എന്ന് പേര് നല്‍കിയത്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍. പഠന ശേഷം സാമൂഹ്യപ്രവര്‍ത്തനം. 2013ല്‍ എഎപി രൂപീകരിച്ചതു മുതല്‍ പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകയായി. ഇപ്പോള്‍ ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്കും എത്തുന്നു. പ്രവീണ്‍ സിങാണ് ഭര്‍ത്താവ്.

11 വര്‍ഷമാണ് അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നത്. അതിനു ശേഷം ഒരു മാറ്റം ഉണ്ടായപ്പോള്‍ അത് ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്ത് തന്നെ ശ്രദ്ധേയമായി. നിലവില്‍ മമത ബാനര്‍ജി മാത്രമാണ് രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി. അതിഷി എന്ന 43കാരി കൂടി സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏല്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top