കൊച്ചി : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ പിന്‍വലിച്ചെന്ന നിലപാട് ഹൈക്കോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍.

ബില്‍ സജീവ പരിഗണനയിലെന്നാണ് പുതിയ സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് പുതിയ സത്യവാങ്മൂലം. അതേസമയം സജീവ പരിഗണനയെന്നാല്‍ എത്രകാലത്തേക്കെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
ബില്ലിൽ കൃത്യമായ സമയപരിധി അറിയിക്കാന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിർദേശിച്ചു. നിയമനിര്‍മ്മാണത്തില്‍ നിയമപരവും ഭരണഘടനാപരവുമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയത്.
