തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദലിന് ജീവപര്യന്തം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി 6 ജഡ്ജി വി വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.

നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിൽ, കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ പ്രതിയായ കേദൽ ജെൻസൻ രാജ ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു. കേസിൽ 65 ദിവസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചത്.

120ലധികം രേഖകളും നാൽപതിലധികം തൊണ്ടിമുതലും അന്വേഷണത്തിൽ നിർണായകമായി. ഇതടക്കമുള്ള കാര്യങ്ങൾ പഴുതടച്ചാണ് പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്. പ്രതിയുടെ മനോനില പരിശോധിച്ച് കടുത്ത ശിക്ഷ ഒഴിവാക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതിഭാഗം ഉന്നയിച്ചു.

