മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം നഗരത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനം: നാട്ടകം സുരേഷ് - Kottayam Media

Kerala

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം നഗരത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനം: നാട്ടകം സുരേഷ്

Posted on

 

കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം പട്ടണത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ വാതിൽപോലും അടച്ചിട്ട്, സ്വന്തം ജനങ്ങളോട് ഇത്രത്തോളം ക്രൂരതകാട്ടിയ മറ്റൊരു ഭരണാധികാരിയെ ചരിത്രത്തിൽ ഒരിടത്തും കാണാനിവില്ല. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്രവും മൗലികാവകാശവും അടക്കം ബാരിക്കേഡ് വച്ച് തടഞ്ഞാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊലീസ് അഴിഞ്ഞാട്ടം നടത്തിയത്. മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഉറപ്പാക്കണമെന്നകാര്യത്തെ എതിർക്കുന്നില്ല. എന്നാൽ, ഇതിന്റെ പേരിൽ ജനങ്ങളെ ഒറ്റപ്പെടുത്തി, തടഞ്ഞ് വച്ച് നിസഹായരായ ആളുകളെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

 

കെ.കെ റോഡ് അടക്കം കോട്ടയം നഗരത്തിലെ റോഡുകളെല്ലാം ബാരിക്കേഡ് ഉപയോഗിച്ച് കെട്ടിയടച്ചതും ജനങ്ങളെ പലയിടത്തും വഴിയിൽ തടഞ്ഞിട്ടതും സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്. നാട്ടകം ഗസ്റ്റ് ഹൗസ് മുതൽ മാമ്മൻമാപ്പിള ഹാൾ വരെയുള്ള ഭാഗത്ത് റോഡിലൂടെ ഒരാളെ പോലും കടത്തിവിട്ടില്ല. ജോലിയ്ക്കും ആശുപത്രിയിലേയ്ക്കും പോകാനെത്തിയവരെ പോലും പൊലീസുകാർ ആട്ടിയോടിക്കുകയായിരുന്നു. സമയത്ത് ജോലിസ്ഥലത്ത് എത്താൻ പോലുമാവാതെ നൂറുകണക്കിന് ആളുകളാണ് കോട്ടയം നഗരത്തിൽ വലഞ്ഞത്.

ജോലിയ്ക്കു പോകണമെന്നാവശ്യപ്പെട്ട് കരഞ്ഞ് കണ്ണീരൊലിപ്പിച്ച് കൈകൂപ്പി പറഞ്ഞവരെ പോലും വഴിയിൽ ആട്ടിയോടിക്കുകയായിരുന്നു പൊലീസ്. ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയ്ക്കു പോകാൻ വേണ്ടി കോട്ടയം നഗരത്തിൽ കെ.കെ റോഡ് പോലും ബാരിക്കേഡ് കെട്ടി അടച്ചത് നാണക്കേടിന്റെ പുതിയ ചരിത്രം തീർത്തു. പ്രധാനമന്ത്രിയ്്ക്കു പോലും ഒരുക്കാത്ത സുരക്ഷയാണ് പൊലീസ് മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയത്. തന്റെ പ്രജകളെ ഇത്രത്തോളം ഭയപ്പെട്ട മറ്റൊരു ഭരണാധികാരിയെ ലോകത്തൊരിടത്തും മഷിയിട്ട് നോക്കിയാൽ പോലും കാണാനാവില്ലെന്നും നാട്ടകം സുരേഷ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version