വൈവിധ്യമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അല്ലെങ്കിൽ ലോക സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. വളരെ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുന്ന ചുരുക്കം ചില നടന്മാരിൽ മുന്നിട്ട് നിൽക്കുന്ന ലാൽ തന്നെയാകും. മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്. മലയാളക്കര ഒന്നാകെ താരത്തിന് ആശംസകൾ നേരുകയാണ്.

തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമം മലയാള സിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്കുള്ള യാത്രയായിരുന്നു.സ്വഭാവികാഭിനയത്തിന്റെ തിളക്കം ഏറെയുള്ള കഥാപാത്രങ്ങൾ ചെയ്ത എൺപതുകൾ, ശ്രീനിവാസനും പ്രിയദർശനുമൊപ്പം സൃഷ്‌ടിച്ച ബ്ലോക്ക് ബസ്റ്ററുകൾ തിളക്കമേറ്റിയ തൊണ്ണൂറുകൾ. വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയ കഥാപാത്രങ്ങൾ തുടരെ തുടരെ വന്നു.

തമാശയും ഗൗരവവും മുണ്ട് മടക്കിക്കുത്തലും ആക്ഷനും ഇതിനെല്ലാമുപരി മോഹൻ ലാലിന്റെ പഞ്ച് ഡയലോഗുകളുടെ അകമ്പടിയോടുള്ള കഥാപാത്രങ്ങൾ ചെയ്ത രണ്ടായിരങ്ങൾ.. പിന്നീടുള്ള പരീക്ഷണ കാലം. നിശബ്‌ദാഭിനയം കൊണ്ട് പോലും ഹൃദയം കവർന്ന കഥാപാത്രങ്ങൾ.
1980ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ‘ ആണ് മോഹൻലാൽ എന്ന നടനെ മലയാളക്കരയ്ക്ക് സമ്മാനിച്ചത്. 20ാമത്തെ വയസിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രം താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് മോഹൻലാലിന്റെ ജൈത്രയാത്ര തുടർന്നു. വില്ലനായി വന്ന് പിന്നീട് നായകനായി മാറിയ ലാൽ പ്രേക്ഷക മനസിൽ ചേക്കേറി. ഇന്ന് തുടരും വരെ എത്തിനിൽക്കുകയാണ് ആ ജൈത്രയാത്ര. ഇനിയും തുടരും…

