'നല്ലവരായ മലയാളി സ്‌നേഹിതരേ നമസ്‌കാരം'; മലയാളത്തിൽ പ്രസം​ഗത്തിന് തുടക്കമിട്ട് മോദി - Kottayam Media

Kerala

‘നല്ലവരായ മലയാളി സ്‌നേഹിതരേ നമസ്‌കാരം’; മലയാളത്തിൽ പ്രസം​ഗത്തിന് തുടക്കമിട്ട് മോദി

Posted on

തിരുവനന്തപുരം: ‘നല്ലവരായ മലയാളി സ്‌നേഹിതരേ നമസ്‌കാരം’ എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി കേരളത്തിലെ വികസനപദ്ധതികളുടെ ഉദ്ഘാടന പ്രസംഗത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ വികസനസാധ്യതകള്‍ ലോകം അംഗീകരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ്. രാജ്യത്തിന്റെ വികസനത്തിന്റെ ഗുണം പ്രവാസികള്‍ക്കും ലഭിക്കുന്നു. എപ്പോള്‍ വിദേശത്ത് പോയാലും നിരവധി കേരളീയരെ കാണാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന വികസന പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നും നരേന്ദ്രമോദി പറഞ്ഞു. നഗര ജലഗതാഗതത്തിന് കുതിപ്പേകുന്ന വാട്ടര്‍ മെട്രോ രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വാട്ടര്‍ മെട്രോ കൊച്ചിയിലെ കായല്‍ ടൂറിസത്തിന് നേട്ടമാകും. ബോട്ടുകള്‍ നിര്‍മ്മിച്ച കൊച്ചി കപ്പല്‍ശാലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുന്നതാണ്. കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാന്‍ അവസരം കിട്ടിയെന്നും നരേന്ദ്രമോദി പറഞ്ഞു. നമ്മുടെ ഉത്പന്നങ്ങള്‍ ലോകത്താകമാനം എത്തിച്ചേര്‍ന്നാല്‍ വികസിത ഭാരതത്തിന്റെ നിര്‍മ്മാണത്തിന് മാര്‍ഗം തുറക്കുമെന്നും ശക്തിയേകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. കൊച്ചി വാട്ടര്‍ മെട്രോയും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മോദി ഉദ്ഘാടനം ചെയ്തു. വൈദ്യുതീകരിച്ച പാലക്കാട്- പളനി- ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version