യുഎസ് ഡെലവെയറിൽ നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷിചർച്ച നടത്തും. റഷ്യ-യുക്രെയ്ന്‍ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് മോസ്‌കോയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായും യുക്രെയ്ന്‍ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കിയുമായും നടത്തിയ ചർച്ചകളെ കുറിച്ച് മോദി ബൈഡനെ ധരിപ്പിച്ചേക്കും.
ചർച്ചകൾക്ക് ശേഷം കുറഞ്ഞത് രണ്ട് കരാറുകളെങ്കിലും ഒപ്പുവയ്ക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഒരു കരാർ ഇന്തോ-പസഫിക് സാമ്പത്തിക പരിപാടിയുമായി (ഐപിഇഎഫ്) ബന്ധപ്പെട്ടതായിരിക്കുമെന്നും മറ്റൊരു ധാരണാപത്രം മയക്കുമരുന്നുകള്‍ക്ക് എതിരെയുള്ള ഇന്ത്യ-യുഎസ് നിലപാടിന് അനുസൃതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബൈഡനെ കൂടാതെ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് എന്നിവരുമായും മോദി പ്രത്യേക ഉഭയകക്ഷി ചർച്ചകൾ നടത്തുന്നുണ്ട്. അമേരിക്കൻ സന്ദർശന വേളയിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന് മിസ്രി മറുപടി നൽകിയില്ല. പ്രധാനമന്ത്രിക്ക് നിരവധി കൂടിക്കാഴ്ചകൾ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.