ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, തൗബൽ ജില്ലകളിലായി ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ അയ്യായിരത്തോളം വീടുകൾ വെള്ളത്തിനടിയിൽ ആയി.

സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തെ തുടർന്ന് വ്യാപക കൃഷി നാശം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പ്രധാന റോഡുകളും തകർന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇറിൽ നദിയിലെ ശക്തമായ ഒഴുക്കിൽ എംഡി റംജാൻ അലി എന്ന 70 വയസ്സുകാരൻ ഒലിച്ചു പോയി. ഇയാളെ ഇതുവരെ കണ്ടെത്താനായില്ല.

ഇംഫാൽ ഈസ്റ്റ് മണ്ഡലത്തിലെ സാന്റി ഖോങ്ബാൽ, സീജാങ്, സബുങ്ഖോക്ക് ഖുനൗ, നോംഗഡ, ടെല്ലൗ-ചാന എന്നിവിടങ്ങളിലെ ആയിരത്തിലധികം കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.