ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കമുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് പുറത്തായ, ഹെഡ് കോച്ച് ആയിരുന്ന റൂബര്‍ അമോറിമിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ സീസണ്‍ അവസാനിക്കുന്നത് വരെ ക്ലബ്ബിന്റെ ഇടക്കാല മാനേജരായി ക്ലബ്ബിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ കാരിക്കിനെ നിയമിച്ചു. റൂബന്‍ അമോറിമിന്റെ പുറത്താകലിന് പിന്നാലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളുടെ ചുമതല മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണ്ടര്‍ 18 ടീമിന്റെ കോച്ച് ആയ ഡാരന്‍ ഫ്‌ളെച്ചര്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്കായി ടീമിനെ സജ്ജമാക്കുന്നത് ഇനിമുതല്‍ കാരിക്ക് ആയിരിക്കുമെന്നാണ് ക്ലബ്ബിന്റെ ഔദ്യോഗിക അറിയിപ്പ്. 2018-ല്‍ വിരമിച്ച കാരിക്ക് റെഡ് ഡെവിള്‍സിന്റെ മുന്‍പരിശീലകരായ ജോസ് മൌറീഞ്ഞോ, ഒലെ ഗണ്ണാര്‍ സോള്‍സ്‌ജെയര്‍ എന്നിവരുടെ കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോള്‍സ്‌ജെയറിന് ശേഷം ക്ലബ്ബിന്റെ കെയര്‍ ടേക്കര്‍ മാനേജരായിരുന്നു കാരിക്ക്. കാരിക്കിന്റെ നിയമനത്തോടെ ഡാരന്‍ ഫ്‌ളെച്ചര്‍ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണ്ടര്‍ 18 ടീമിന്റെ പ്രധാന പരിശീലകനായി തിരിച്ചെത്തും.