വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മലയോര ജാഥയിൽ മുസ്‌ലിം ലീഗ് നേതാവിനെ അപമാനിച്ചെന്ന് പരാതി. മലയോര ജാഥ മീനങ്ങാടിയിൽ പ്രവേശിച്ചപ്പോൾ ലീഗ് നേതാവ് പി ഇസ്മായിലിനെ പ്രസംഗിക്കാൻ ക്ഷണിച്ചില്ലെന്നാണ് പരാതി.

മീനങ്ങാടിയിൽ പ്രാസംഗികനായി ലീഗ് നിശ്ചയിച്ചത് പി ഇസ്മായിലിനെയായിരുന്നു. ജാഥയിൽ മറ്റ് ഘടകകക്ഷി നേതാക്കൾ പ്രസംഗിച്ചുവെങ്കിലും ഇസ്മായിലിനെ പ്രസംഗിക്കാൻ ക്ഷണിച്ചില്ല. സംഭവത്തിൽ ലീഗ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.

മാനന്തവാടിയിലും ലീഗ് പ്രതിനിധി പങ്കെടുത്തിരുന്നില്ല. ജാഥയിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കാത്തതിൽ പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്. അതേസമയം മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് പി വി അൻവർ വി ഡി സതീശനോട് ആവശ്യപ്പെട്ടു. മാനന്തവാടിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് പി വി അൻവർ ഈ ആവശ്യം ഉന്നയിച്ചത്. ജാഥ മലപ്പുറത്തേക്ക് കടക്കുന്നതിന് മുമ്പാണ് അൻവറിന്റെ നീക്കം. ഇക്കാര്യം യുഡിഎഫിൽ ചർച്ച ചെയ്ത് അറിയിക്കാമെന്നാണ് വി ഡി സതീശൻ മറുപടി പറഞ്ഞത്.

