54 ബിരുദ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റ് കാണാതായി; എംജി സർവ്വകലാശാലയുടെ പരാതിയിൽ കേസ് എടുക്കാതെ പൊലീസ് - Kottayam Media

Education

54 ബിരുദ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റ് കാണാതായി; എംജി സർവ്വകലാശാലയുടെ പരാതിയിൽ കേസ് എടുക്കാതെ പൊലീസ്

Posted on

കോട്ടയം: എംജി സര്‍വകലാശാലയില്‍ നിന്ന് പേര് രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കി 10 ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്.

അതേസമയം സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് കടക്കുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

ഒന്നും രണ്ടുമല്ല. ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ 54 ഫോര്‍മാറ്റുകളാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് കാണാതെ പോയത്. എപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ പോയതെന്നോ, ആരാണ് കൊണ്ടുപോയതെന്നോ ഉളള കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയുമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ കാണാതെ പോയ വിവരം പുറത്തു വന്നതിനു പിന്നാലെ ഉണ്ടായ ഭരണ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനപ്പുറം കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല.

പി‍ഡി5 സെക്ഷന്‍റെ ചുമതലയുണ്ടായിരുന്ന സെക്ഷന്‍ ഓഫിസറെയും മുന്‍ സെക്ഷന്‍ ഓഫിസറെയും സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിച്ച സര്‍വകലാശാല ജൂണ്‍ 21നാണ് ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയുളള പ്രാഥമിക അന്വേഷണമാണ് പൊലീസ് ഇതുവരെയും നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version