തിരുവനന്തപുരം: സ്കൂട്ടറിലും വീട്ടിലുമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 36.75 ലിറ്റർ ഗോവൻ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

ചിറയിൻകീഴ് അഴൂർ സ്വദേശി ബാബു (44 ) എന്നയാൾ ആണ് പിടിയിൽ ആയത്. സ്കൂട്ടറിൽ ഗോവൻ മദ്യവുമായി പോകുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുറക്കടയിൽ വച്ച് ഇയാളെ പിടികൂടിയത്.
ബാബു സ്കൂട്ടറിൽ വില്പനയ്ക്കായി കൊണ്ടുവന്നതും വീട്ടിൽ സൂക്ഷിച്ചിരുന്നതുമായ ഗോവയിൽ നിന്നുള്ള 49 കുപ്പി മദ്യവും മദ്യം വിറ്റുകിട്ടിയ പണവും കണ്ടെത്തി. നേരത്തെയും വാറ്റുചാരായം വില്പന നടത്തിയതിന് ഇയാളെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആറ്റിങ്ങൽ എക്സൈസ് ഇൻസ്പെക്ടർ രചനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റൊരാൾ വഴിയാണ് മദ്യം ലഭിച്ചതെന്നാണ് ഇയാൾ എക്സൈസിനോട് പറഞ്ഞത്. ഗോവൻ മദ്യം എത്തിച്ചു നൽകുന്നയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു.