Kerala

ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയം: മന്ത്രി എം ലിജു

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മദ്യ വ്യാപനത്തിന് അനുകൂലമല്ലെന്ന് മന്ത്രി എം ലിജു. സംസ്ഥാനത്ത് പുതിയ മദ്യനയം വരേണ്ടതുണ്ട്. ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയം. മദ്യനയത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ സഭാ സമ്മേളനത്തിന് ശേഷം എക്‌സൈസ് വകുപ്പ് ആരംഭിക്കും.

എല്ലാ മേഖലയില്‍പ്പെട്ട ആളുകളുമായി ചര്‍ച്ചചെയ്യും. ശേഷം മദ്യനയം രൂപീകരിക്കും. പ്രോഗ്രസീവായ ഒരു നയം ആയിരിക്കും വരിക. അതിനുശേഷം മാത്രമേ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. യുഡിഎഫിന്റെ നിലപാടും അതുതന്നെയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രി കൃത്യമായി നിലപാട് പ്രഖ്യാപിച്ചു. കേരളത്തിലെ ഏത് മദ്യവില്‍പ്പനയ്ക്കും അന്തിമവാക്ക് മദ്യനയമാണ്. വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് മദ്യ നയം വന്നിട്ടേ തീരുമാനം എടുക്കൂ. നികുതി നിശ്ചയിക്കുക മാത്രമാണ് ചെയ്തത്. ബജറ്റില്‍ ഏത് നികുതി ഏര്‍പ്പെടുത്തണമെന്ന് എങ്ങനെ ഒരു ധനമന്ത്രി എക്‌സൈസ് മന്ത്രിയോട് പറയും. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. നികുതി വന്നത് കൊണ്ട് മാത്രം വില്‍ക്കാന്‍ കഴിയില്ല. ഇവിടെ ഒരു തുള്ളി മദ്യം വില്‍ക്കണം എങ്കില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം.
മദ്യ നയം വരുന്നതിന് മുന്‍പ് വില്‍പ്പനയ്ക്ക് അപേക്ഷ വന്നാല്‍ എക്‌സൈസ് മന്ത്രി എന്ന നിലക്ക് അനുമതി നിഷേധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെതിരെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ രംഗത്തെത്തിയതിലും മന്ത്രി പ്രതികരിച്ചു. സുധീരന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതില്‍ എന്താണ് തെറ്റെന്നും ലിജു ചോദിച്ചു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top