പാലാ കെഎസ്ആർടിസിയുടെ തകർച്ചയ്ക്ക് കാരണം എംഎൽഎയുടെ പിടിപ്പുകേട്. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റ

ഒരുകാലത്ത് കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഡിപ്പോകളിൽ ഒന്നായ പാലാ കെഎസ്ആർടിസിയുടെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം പാലാ എംഎൽഎയുടെ അശ്രദ്ധയും പിടിപ്പുകേടും മാത്രമാണ്.


കെഎം മാണി സാർ പാലാ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ 104 ഓളം ബസ്സുകൾ ഉണ്ടായിരുന്ന പാലാ ഡിപ്പോയിൽ ഇപ്പോൾ എത്ര ബസ്സുകൾ ഉണ്ടെന്നുള്ളത് അജ്ഞാതമാണ്. ഉള്ള ബസ്സുകൾ ആകട്ടെ സ്പെഷ്യൽ സർവീസിനായി മറ്റുള്ള ഡിപ്പോയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ തൊട്ടടുത്തുള്ള ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് തെങ്കാശി സർവീസ് മാറ്റിയിരുന്നു. അതിനുവേണ്ടി പൂഞ്ഞാർ എംഎൽഎ സമ്മർദ്ദം ചെലുത്തി എന്നാണ് വാർത്തകളിലൂടെ അറിയാൻ സാധിച്ചത്. എന്നാൽ നിലവിലുള്ള സർവീസുകൾ പോകാതിരിക്കാനോ പുതിയതായി ഒരു സർവീസ് കൊണ്ടുവരാനോ പാലാ എംഎൽഎ ശ്രമിക്കുന്നില്ല എന്നുള്ളത് തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ച പാലായിലെ ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ്.
മുൻപും മലബാർ സർവീസുകൾ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നിർത്തിവച്ചപ്പോൾ യൂത്ത് ഫ്രണ്ട് ആണ് അതിനെതിരെ കെഎസ്ആർടിസി ഓഫീസ് ഉപരോധിച്ചു കൊണ്ട് സമരം നടത്തിയത്. അതിന്റെ ഫലമായി ഭാഗികമായെങ്കിലും കുറച്ച് സർവീസുകൾ ആരംഭിക്കുകയുണ്ടായി. ഇനിയും ഇത്തരം അവഗണന തുടർന്നാൽ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ സമരപരിപാടികളുമായി യൂത്ത്ഫ്രണ്ട് എം മുന്നോട്ടു പോകുമെന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ അറിയിച്ചു.