റെയില്‍വേയില്‍ വിവിധ തസ്തികകളില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് നൂറിലേറെ ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത അന്തസ്സംസ്ഥാന കുറ്റവാളി അറസ്റ്റില്‍ - Kottayam Media

Crime

റെയില്‍വേയില്‍ വിവിധ തസ്തികകളില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് നൂറിലേറെ ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത അന്തസ്സംസ്ഥാന കുറ്റവാളി അറസ്റ്റില്‍

Posted on

കാഞ്ഞങ്ങാട്: റെയിൽവേയിൽ  വിവിധ തസ്തികകളില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് നൂറിലേറെ ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത അന്തസ്സംസ്ഥാന കുറ്റവാളി അറസ്റ്റില്‍കാസര്‍കോട് കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കല്‍ വീട്ടില്‍ പി. ഷമീമിനെ (33) യാണ് പോലീസ് അറസ്റ്റുചെയ്തത്.
നേരത്തെ നടത്തിയ തട്ടിപ്പുകളിലുള്‍പ്പെടെ നൂറുകണക്കിനാളുകളില്‍നിന്നായി 200 ലേറെ കോടി രൂപ തട്ടിയെടുത്തതായാണ് പോലീസ് പറയുന്നത്. തിരുവനന്തപുരത്ത് മാത്രം 300 പേരില്‍നിന്നായി 150 കോടി രൂപയുടെയും കോട്ടയത്ത് 65 ലക്ഷം രൂപയുടെയും തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ നേരത്തെ കേസുണ്ട്.

 

തട്ടിപ്പിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് ബെംഗളൂരുവിലും മറ്റും പബ്ബുകളും ഡാന്‍സ് ബാറുകളും വാങ്ങിയെന്നാണ് പോലീസിന് ലഭിച്ച വിവരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ടിക്കറ്റ് ക്ലാര്‍ക്ക്, ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയ ജോലികള്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞാണ് പണം തട്ടിയെടുത്തത്.

ഷമീം പുഴക്കര, ഷാനു ഷാന്‍ എന്നീ പേരുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. കബളിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തി. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. വ്യാജ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഒ.എം.ആര്‍. ഷീറ്റുകള്‍, മെഡിക്കല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ സീലുകള്‍, നിയമന ഉത്തരവുകള്‍, സ്ഥലംമാറ്റ ഉത്തരവുകള്‍ എന്നിവ ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇരകളെ വിശ്വസിപ്പിക്കുന്നതിനായി റയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചീഫ് എക്‌സാമിനര്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ പദവികളിലുള്ള സ്വന്തം ഫോട്ടോ ഒട്ടിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും വ്യാജമായി നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. മെഡിക്കല്‍ ടെസ്റ്റിനായും പരീക്ഷകള്‍ക്കായും ഇയാള്‍ ആളുകളെ ചെന്നൈ, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വിളിച്ചുവരുത്തി ഹോട്ടല്‍ മുറികളില്‍വെച്ച് പരീക്ഷകള്‍ നടത്തി.

നൂറിലേറെ ആളുകളില്‍നിന്നായി നാല്പത്തിയെട്ടുലക്ഷം രൂപയുടെ തട്ടിപ്പാണ് കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പുതുതായി കണ്ടെത്തിയത്.നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്, കൊട്ടാരക്കര, ചാലക്കുടി, എറണാകുളം സൗത്ത്, സുല്‍ത്താന്‍ബത്തേരി, വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തുനിന്നു മുപ്പത്തേഴുകിലോ സ്വര്‍ണം കടത്തിയതിന് ഇയാള്‍ക്കെതിരേ നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തിട്ടുണ്ട്. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ട്രെയിനില്‍ പാന്‍ട്രി കാറില്‍ ജോലിചെയ്യുന്നതിനിടെ ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനറുടെ വേഷംധരിച്ച് തട്ടിപ്പ് നടത്തിയതിന് സേലം റയില്‍വേ പോലീസ് കേസെടുത്തിരുന്നു. പല ഹവാലാ ഇടപാടിലും കാരിയര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ദിവസേന പതിനായിരക്കണക്കിനു രൂപയുടെ ലോട്ടറി എടുക്കുന്ന ഇയാള്‍ ലോട്ടറി എടുത്ത വകയില്‍ ലക്ഷക്കണക്കിന് രൂപ വില്പനക്കാര്‍ക്ക് നല്കാനുണ്ട്.

കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങി ബെംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version