അബ്രാ ...... കാടബ്രാ...... " ഇതാ വന്നൊരു ഷോർട്ട് ഫിലിം !! മജീഷ്യൻ കണ്ണൻ മോനും കൂട്ടുകാരും കിടു - Kottayam Media

Entertainment

അബ്രാ …… കാടബ്രാ…… ” ഇതാ വന്നൊരു ഷോർട്ട് ഫിലിം !! മജീഷ്യൻ കണ്ണൻ മോനും കൂട്ടുകാരും കിടു

Posted on

 

 

കോട്ടയം :കോവിഡ് കാലത്ത് മാജിക്കിന്റെ അരങ്ങൊഴിഞ്ഞപ്പോള്‍ ഷോര്‍ട്ട് ഫിലിമുകളില്‍ വിസ്മയം തീര്‍ത്ത മജീഷ്യന്‍ കണ്ണന്‍മോനും കൂട്ടുകാര്‍ക്കും വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാതല പുരസ്‌കാരം.രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മജീഷ്യന്‍ കണ്ണന്‍മോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു കോവിഡ് കാല കാഴ്ച’ എന്ന ആരോഗ്യ ബോധവല്‍ക്കരണ ഷോര്‍ട്ട് ഫിലിമിനാണ് പുരസ്‌കാരം ലഭിച്ചത്.

സംസ്ഥാന വനിതാ – ശിശുവികസന വകുപ്പ് യൂണിസെഫിന്റെ സഹകരണത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖാന്തിരം സംഘടിപ്പിച്ച ”സര്‍ഗവസന്തം പ്രാണ” കലോത്സവത്തിലാണ് കണ്ണന്‍മോനും കൂട്ടുകാരും ചേർന്ന് തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.കോവിഡ് കാലത്ത് മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മാസ്‌ക് വയ്ക്കാതെ പോകുന്നവരുടെ ദുർഗതിയും ചൂണ്ടിക്കാട്ടിയുള്ള ഷോര്‍ട്ട് ഫിലിമാണ് കണ്ണന്‍മോന്‍ സംവിധാനം ചെയ്തത്.

കൂട്ടുകാരായ ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അരവിന്ദ് സോണിയ്ക്കും വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സോണിയ്ക്കും ഒപ്പം കണ്ണന്‍മോനും അദ്ധ്യാപികയായ അമ്മ ശ്രീജയും മുത്തച്ഛന്‍ ടി.എൻ.രാമകൃഷ്ണന്‍ നായരും ഈ ഷോർട്ട് ഫിലിമില്‍ വേഷമിട്ടു.കഥയും തിരക്കഥയും ഒരുക്കി ഒരു കോവിഡ്കാല കാഴ്ച കണ്ണന്‍മോന്‍ സംവിധാനം ചെയ്‌പ്പോള്‍ മുത്തച്ഛന്‍ രാമകൃഷ്ണന്‍ നായരും അമ്മ ശ്രീജയും മാറിമാറി ക്യാമറ കൈകാര്യം ചെയ്തു. പൂർണ്ണമായും മൊബൈല്‍ ഫോണിലായിരുന്നു ചിത്രീകരണം. എഡിറ്റിംഗ് നിർവ്വഹിച്ചതും ഈ കുട്ടിക്കൂട്ടം തന്നെ.

ജില്ലാതലത്തില്‍ 14 ഷോര്‍ട്ട് ഫിലിമുകളാണ് “സര്‍ഗവസന്തം പ്രാണ ” കലോത്സവത്തില്‍ മാറ്റുരയ്ക്കാനുണ്ടായിരുന്നത്.മൂന്നര വയസ്സുമുതല്‍ മാജിക്ക് രംഗത്തുള്ള “കണ്ണന്‍മോന്‍ ” എന്ന എസ്. അഭിനവ് കൃഷ്ണ ഇതിനോടകം 500-ല്‍പരം വേദികളില്‍ പ്രൊഫഷണൽ മാജിക്‌ഷോ അവതരിപ്പിച്ചുകഴിഞ്ഞു.
ചരിത്രപ്രസിദ്ധമായ ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രസന്നിധിയിൽ ശൂന്യതയിൽ നിന്ന് ശ്രീനാരായണ ഗുരുദേവൻ്റെ ഛായാചിത്രം പ്രത്യക്ഷപ്പെടുത്തിക്കൊണ്ടായിരുന്നു മാജിക്കിലെ അരങ്ങേറ്റം.

 

ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി അവിടെ മാജിക് അവതരിപ്പിച്ച ഈ കൊച്ചുമാന്ത്രികൻ കത്തോലിക്കാ ബിഷപ്പ് മാരുടെ അഖിലേന്ത്യാ സമ്മേളനം, ചിരിയുടെ തമ്പുരാൻ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ നൂറാം പിറന്നാൾ ആഘോഷ വേദി, സംസ്ഥാന സ്കൂൾ കായികമേള ഉദ്ഘാടന സമ്മേളന വേദി എന്നിവിടങ്ങളിലും മായാജാല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തിരക്കേറിയ പാലാ ടൗണിലൂടെ കണ്ണുകൾ മൂടിക്കെട്ടി ഓടി സാഹസിക മാജിക് പ്രകടനത്തിലും ശ്രദ്ധേയനായി.

 

പാലാ അസംബ്ലി മണ്ഡലം ഉപ തിരഞ്ഞെടുപ്പിൻ്റെ മത്സരഫലം തിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോൾ തന്നെ മാജിക്കിലൂടെ കൃത്യമായി പ്രവചിച്ച്, അത് രേഖപ്പെടുത്തി കിഴതടിയൂർ ബാങ്കിൻ്റെ ലോക്കറിൽ വെയ്ക്കുകയും പിന്നീട് ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ് ബാങ്ക് ലോക്കറിൽ നിന്ന് ഇതെടുത്ത് വിശിഷ്ട വ്യക്തികൾ ചേർന്ന് തുറന്ന് പരിശോധിച്ചപ്പോൾ ഭൂരിപക്ഷ വോട്ടുകളുടെ എണ്ണം ഉൾപ്പെടെ കൃത്യമായി വരികയും ചെയ്തതോടെ മജീഷ്യൻ കണ്ണൻ മോൻ ഏറെ ശ്രദ്ധേയനായി.

 

പ്രമുഖ മാധ്യമ പ്രവർത്തകൻ ആർ.സുനില്‍കുമാര്‍ (സുനിൽ പാലാ) – ശ്രീജ ദമ്പതികളുടെ മകനാണ് ഈ ബാല മാന്ത്രികൻ.ഇതിനുമുമ്പ് പരിസ്ഥിതിയോടനുബന്ധിച്ച് “വീട്ടിലെ വനം” ഉറുമ്പുകളെപ്പറ്റി “കുഞ്ഞിക്കൂനന്‍മാര്‍,” “കല്യാണിക്കുതിരയുടെ കാഴ്ചകള്‍ ” എന്നീ ഡോക്യുമെന്ററികളും ഈ പതിനാലുകാരന്‍ തയ്യാറാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷമാണ് ഒരു കോവിഡ്കാല കാഴ്ച ചിത്രീകരിച്ചത്. മികച്ച ഷോര്‍ട്ട്ഫിലിം തയ്യാറാക്കിയ കണ്ണന്‍മോനും കൂട്ടുകാര്‍ക്കും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.എസ്. മല്ലിക വിതരണം ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അഞ്ജുമോള്‍ സ്‌കറിയയും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version