കോട്ടയം: ശാസ്ത്രി റോഡിന് സമീപത്തെ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്.ഇവർ എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. പ്രണയം വീട്ടുകാർ എതിർത്തെന്നും, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നു എന്നുമാണ് കുറിപ്പിൽ പറയുന്നത്.കുടയംപടി മര്യാതുരുത്ത് സ്വദേശിനി ആസിയയും (20) പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറുമാണ് (22) മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും ഹോട്ടിലിൽ എത്തി മുറിയെടുത്തത്. പിന്നീട് വൈകുന്നേരമായിട്ടും പുറത്തേക്ക് ഇവരെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. ഒരു ഫാനിൽ ഇരുവരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയ വിവരം അറിയുന്നത്.