പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികൾ ഓടിത്തുടങ്ങി - Kottayam Media

Politics

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികൾ ഓടിത്തുടങ്ങി

Posted on

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നിരത്തിലിറങ്ങി.
തക്കാളി ഉൾപ്പെടെ പച്ചക്കറിയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് തക്കാളി വണ്ടികൾ രംഗത്തിറക്കുന്നത്. തക്കാളി വണ്ടിയിൽ ഒരു കിലോ തക്കാളിക്ക് 50 രൂപയാണ് വില. തക്കാളിക്കൊപ്പം മറ്റു പച്ചക്കറികളും വിലക്കുറവിൽ ലഭിക്കും. രാവിലെ 7.30 മുതൽ വൈകിട്ട് 7.30 വരെയാണ് തക്കാളി വണ്ടി പ്രവർത്തിക്കുക.
കേരളത്തിലെ വിവിധയിടങ്ങൾ, അയൽ സംസ്ഥാനങ്ങൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തക്കാളിയും മറ്റു പച്ചക്കറികളും സംഭരിച്ച് വിതരണം ചെയ്യാനാണ് കൃഷി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളിൽ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന വിൽപനശാലകളും കൂടുതൽ ഔട്ട്ലെറ്റുകളും ആരംഭിക്കാനും പദ്ധതിയുണ്ട്. കൂടുതൽ സംഭരണ കേന്ദ്രങ്ങളിൽ പച്ചക്കറി ശേഖരിച്ച് വിൽപന നടത്താൻ സർക്കാർ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി എട്ടു കോടി രൂപ പ്രത്യേകം അനുവദിച്ചു. വരും കാലത്ത് ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ട് ഇടപെടൽ നടത്തുന്നതിന് കൃഷി സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൃഷി ഡയറക്ടർ കൺവീനറായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പച്ചക്കറി വിതരണ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഒരു കരുതൽ ധനം കൃഷി ഡയറക്ടർക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ഈ പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാൻ കൃഷിവകുപ്പിന് സാധിക്കും.
40 ടൺ പച്ചക്കറി വീതം പ്രതിദിനം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ച് ഹോർട്ടികോർപ്പിന്റെ ചില്ലറ വിൽപന ശാലകളിലൂടെ വിൽപന നടത്തുന്നുണ്ട്. 170 ടൺ പച്ചക്കറി പ്രാദേശികമായി വി. എഫ്. പി. സി. കെ വഴി സംഭരിച്ച് വിൽക്കുന്നുമുണ്ട്. കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കാൻ ‘ഞാനും കൃഷിയിലേക്ക്’ എന്ന കാമ്പയിൻ ജനുവരി ഒന്നു മുതൽ ആരംഭിക്കും. പച്ചക്കറി വിത്തുകളും തൈകളും പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യും. കൃഷി ചെയ്യുന്നതിനായി പതിനായിരം ഏക്കർ അധികമായി കണ്ടെത്തിക്കഴിഞ്ഞു.ക്രിസ്മസ്, പതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെ പുതുവത്സര ക്രിസ്മസ് ചന്തകൾ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version