വൈശ്യമോൾക്ക് കരുതലൊരുക്കി വിജിലൻസും പോലീസ് സഹകരണസംഘവും - Kottayam Media

Kerala

വൈശ്യമോൾക്ക് കരുതലൊരുക്കി വിജിലൻസും പോലീസ് സഹകരണസംഘവും

Posted on

തൊടുപുഴ:എനിക്ക് പഠിച്ച് നല്ലൊരു ഫാഷൻ ഡിസൈനറാകണം. അതിന് എന്നെ സഹായിച്ചതിന് ഒരുപാട് നന്ദിയുണ്ട്.” ഇടുക്കി വിജിലൻസ് ഓഫീസിൽ നിന്നും മടങ്ങുമ്പോൾ മൂന്നാർ ടാറ്റ കമ്പനിയിലെ തൊഴിലാളി മുരുകന്റെ മകൾ വൈശ്യമോൾ ഹൃദയത്തിൽ തട്ടി പറഞ്ഞ വാക്കുകളാണിത്. പഠനത്തിനായി സ്കോളർഷിപ്പ് തുക ലഭിക്കുന്നതിന് കൈക്കൂലിപ്പണം നൽകേണ്ടി വന്ന മുരുകന്റെ മകളാണ് ചെന്നൈയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ വൈശ്യ.

മൂന്നാർ ടാറ്റാ ടി കമ്പനി വക രണ്ടു കൊച്ചു മുറികളുള്ള ലയത്തിൽ താമസിക്കുന്ന മുരുകന് ദിവസവേതനമായി 420 രൂപ മാത്രമാണ് ലഭിക്കുന്നത്. രണ്ടു പെൺമക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ചെലവിനും എല്ലാമായി ആകെ കിട്ടുന്ന തുകയാണിത്. മകളുടെ പഠനത്തിന് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് തുക കിട്ടുന്നതിന് എസ് സി ഡെവലപ്മെൻറ് ഓഫീസിൽ നിന്നും അപേക്ഷ ഫോർവേഡ് ചെയ്യുന്നതിന് 25000 രൂപ കൈക്കൂലി വാങ്ങിയപ്പോൾ സീനിയർ ക്ലർക്ക് റഷീദ് കെ പനക്കൽ വിജിലൻസിന്റെ പിടിയിലായിരുന്നു.

 

കുട്ടിയുടെ കയ്യിൽ ഉപയോഗിക്കാൻ പോലും കഴിയാത്ത വിധം പൊട്ടിയ ഒരു ഫോൺ കയ്യിലിരിക്കുന്നത് ശ്രദ്ധയിൽപെട്ട വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി ജി വിനോദ്കുമാറും ഡിവൈഎസ്പി വി ആർ രവികുമാറും മുരുകന്റെ കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കുകയും ജില്ലാ പോലീസ് സഹകരണ സംഘം ഭാരവാഹികളുമായി ബന്ധപ്പെടുകയും പഠനത്തിനായി സ്മാർട്ട്ഫോൺ നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

 

കുട്ടിയുടെ പഠനത്തിനായി ലഭിച്ചിരുന്ന സ്കോളർഷിപ്പ് തുകയിൽ നിന്നും മുമ്പ് ഒരു ലക്ഷത്തി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ റഷീദ് ഇത്തവണ 25,000 രൂപ കൂടി വാങ്ങുമ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്.മുട്ടം വിജിലൻസ് യൂണിറ്റിൽ ഡിവൈഎസ്പി വി ആർ രവികുമാർ സ്മാർട്ട് ഫോൺ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version