കുളത്തിക്കണ്ടം: ‘ദൈവദശകം – ഒരു ലോകം ഒരു പ്രാർത്ഥന’ എന്ന ആഗോള പ്രാർത്ഥനയുടെ ഭാഗമായി കുളത്തിക്കണ്ടം ശാസ്താപുരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൂട്ടായ ദൈവദശകം പാരായണവും പ്രാർത്ഥനയും സംഘടിപ്പിച്ചു. രാത്രി 7.15ന് നടന്ന ചടങ്ങിൽ ശാഖാ ഭാരവാഹികളും അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.

ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലായി പത്തുലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം ചെയ്യുന്ന ആഗോള പ്രാർത്ഥനാ പരിപാടിയിൽ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ മേലുകാവ് കുളത്തിക്കണ്ടം ശാഖയും പങ്കാളിയായി.
മാനവികതയുടെയും സാഹോദര്യത്തിന്റെയും ലോകസമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ഷേത്രത്തിലെ ശാന്തി രഞ്ജു ഇടമറ്റം ചടങ്ങുകൾക്ക് നേതൃത്വം നൽകി.

എസ്.എൻ.ഡി.പി കരയോഗം പ്രസിഡന്റ് പി.എസ്. ഷാജി പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റ് സന്ദീപ് നെല്ലിക്കൽ, സെക്രട്ടറി എം.കെ. പ്രകാശൻ മാറാമറ്റത്തിൽ, വനിതാസംഘം വൈസ് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി സുകുമാരൻ കാനത്തിൽ, യൂത്ത് മൂവ്മെന്റ് ചെയർമാൻ സൈജു ഭാസ്കരൻ മരോട്ടിക്കൽ, ഷൈൻ പ്രിൻസ് ബേക്കറി, ഷിബു വള്ളോംകുഴി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ശാഖാ ഭാരവാഹികളും അംഗങ്ങളും ഭക്തജനങ്ങളും കൂട്ടായ പ്രാർത്ഥനയിൽ പങ്കുചേർന്നു.