പാലക്കാട്: പകുതി വില തട്ടിപ്പിന് ഇരയായ വീട്ടമ്മയോട് കയര്‍ത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് തങ്ങള്‍ പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തവര്‍ക്ക് പണം നല്‍കിയതെന്നും മന്ത്രി ഇടപെട്ട് പണം തിരികെ വാങ്ങിതരണമെന്നും ആവശ്യപ്പെട്ട പരാതിക്കാരിയോടാണ് മന്ത്രി കയര്‍ത്തത്.

അതിമോഹം വന്നിട്ടല്ലേ ഇതൊക്കെ ചെയ്തതെന്ന് മന്ത്രി പരാതിക്കാരിയോട് ചോദിച്ചു. റിപ്പോർട്ടറിൽ പരാതിക്കാരി വിവരങ്ങൾ പറഞ്ഞപ്പോഴാണ് ആ സമയം ലൈനിലുണ്ടായിരുന്ന മന്ത്രി വീട്ടമ്മയോട് പ്രതികരിച്ചത്.
മന്ത്രി ഇടപെട്ട് പണം തിരികെ വാങ്ങിത്തരണമെന്ന് പറഞ്ഞപ്പോള്‍, ‘നിങ്ങള്‍ പൊലീസില്‍ പരാതി പറയൂ. എന്നോട് പറഞ്ഞിട്ടല്ലല്ലോ ഇടപാട് നടത്തിയത്. അതിമോഹം വന്നിട്ടല്ലേ ഇതൊക്കെ ചെയ്തത്. അതൊന്നും പറയണ്ട. വെറുതെ കിട്ടുന്നുവെന്ന് പറഞ്ഞപ്പോള്‍ പോയതല്ലേ. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്’, എന്നാണ് മന്ത്രി പറഞ്ഞത്. തന്റെ ഓഫീസില്‍ വെച്ച് പണപിരിവ് നടത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

