കരുവന്നൂർ ബാങ്ക് ബിനാമി വായ്പാ തട്ടിപ്പുകേസ്; മുൻമന്ത്രി എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും - Kottayam Media

Kerala

കരുവന്നൂർ ബാങ്ക് ബിനാമി വായ്പാ തട്ടിപ്പുകേസ്; മുൻമന്ത്രി എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും

Posted on

കൊച്ചി: കരുവന്നൂർ ബാങ്ക് ബിനാമി വായ്പാ തട്ടിപ്പുകേസിൽ മുൻമന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. എ.സി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നോട്ടിസ് നൽകിയത്. ഈ മാസം 19ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മൊയ്തീന് ഇഡി കത്തു നൽകിയത്.

മൊയ്തീ​ന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാനാവശ്യപ്പെട്ടു മൊയ്തീൻ കത്തു നൽകിയതായി ഇഡി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന മന്ത്രി, എംഎൽഎ തുടങ്ങിയ നിലകളിൽ ലഭിച്ച വേതനത്തിന്റെ രേഖകളും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനം സംബന്ധിച്ച വിവരങ്ങളും മൊയ്തീൻ കൈമാറിയിരുന്നു.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഒന്നാം പ്രതി പി. സതീഷ്കുമാറുമായി മൊയ്തീനുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘം പ്രധാനമായും ഉന്നയിച്ചത്. ബാങ്കിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ബെനാമി വായ്പകൾ അനുവദിക്കാൻ എ.സി.മൊയ്തീൻ ശുപാർശ ചെയ്തെന്ന മൊഴികളുണ്ട്. ഇതു സംബന്ധിച്ചായിരുന്നു ഇ.ഡിയുടെ കൂടുതൽ ചോദ്യങ്ങളും. മൊയ്തീൻ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനു നൽകിയ മൊഴികളുടെയും രേഖകളുടെയും വിശദ പരിശോധനയ്ക്കുശേഷമാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.

കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറിന്റെ ഇടനിലക്കാരൻ കെ.എ. ജിജോർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനൽകുമാർ, തദ്ദേശ ജനപ്രതിനിധികളായ അനൂപ് ഡേവിഡ് കാട, പി.ആർ. അരവിന്ദാക്ഷൻ, കൂട്ടാളി രാജേഷ് എന്നിവരെയും മൊയ്തീനൊപ്പം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

എ.സി. മൊയ്തീന് മുൻപ് 2 തവണ നോട്ടിസ് നൽകിയെങ്കിലും വ്യക്തിപരമായ അസൗകര്യം കാണിച്ചു ഹാജരായിരുന്നില്ല. രാവിലെ 11നു ഹാജരാവാനാണു മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഈ മാസം 11നു രാവിലെ 9.15നു തന്നെ അദ്ദേഹം എത്തി. 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8.30 വരെ നീണ്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം മൊയ്തീൻ പ്രതികരിച്ചിരുന്നു. ആവശ്യപ്പെട്ട രേഖകൾ മുഴുവൻ കൈമാറി. അന്വേഷണവുമായി സഹകരിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version