കോട്ടയം: കാഞ്ഞിരപ്പിള്ളിയിലെ ഇരട്ടമരണത്തിന്റെ നടുക്കം മാറാതെ നാട്. ചിരിച്ചമുഖവുമായി എപ്പോഴും കാണുന്ന ഷേര്‍ളി മാത്യു, പൂച്ചെടി പരിപാലനവും മൃഗസ്‌നേഹിയുമായി സമീപവാസികള്‍ക്ക് നല്ല അയല്‍ക്കാരിയായിരുന്നു. ഷേര്‍ളിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന കഥകള്‍ കേട്ട് അമ്പരപ്പിലാണ് നാട്ടുകാര്‍. നെടുങ്കണ്ടം കല്ലാര്‍ തുരുത്തിയില്‍ ഷേര്‍ളി മാത്യു (45), കോട്ടയം കുമ്മനം ആലുംമൂട് കുരുട്ടുപറമ്പില്‍ ജോബ് സക്കറിയ (38) എന്നിവരെ, ഷേര്‍ളിയുടെ കുളപ്പുറത്തുള്ള വീട്ടില്‍ ഞായറാഴ്ച രാത്രിയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഷേര്‍ളി മാത്യുവിന്റെയും ജോബിന്റെയും മരണത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജോബുമായി വഴക്കുണ്ടാക്കിയെന്നും തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഷേര്‍ളി മറ്റൊരു സുഹൃത്തിനെ ഞായറാഴ്ച വൈകിട്ട് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്ത് രാത്രി തിരികെ വിളിച്ചെങ്കിലും ഷേര്‍ളി ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോള്‍ വീടിന്റെ കിടപ്പുമുറിയില്‍ നിലത്ത് ഷേര്‍ളിയെ രക്തം വാര്‍ന്നു മരിച്ചനിലയില്‍ കിടക്കുന്നതാണ് കണ്ടത്. ഹാളില്‍ സ്റ്റെയര്‍കെയ്‌സ് കമ്പിയില്‍ ജോബിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഷേര്‍ളിയെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയശേഷം ജോബ് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് വിലയിരുത്തല്‍. എട്ടു മാസമായി ജോബ് ഷേര്‍ളിയോടൊപ്പം ഈ വീട്ടില്‍ ഉണ്ടായിരുന്നെന്നും, സഹോദരനാണ് എന്നാണ് പറഞ്ഞിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.