കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തുടര്‍ക്കഥയാകുന്നു.

കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ ഇന്ന് നടന്ന കലുങ്ക് സംവാദ പരിപാടിയില്‍ വിവാദങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പരിപാടി കഴിഞ്ഞ് മടങ്ങിയ സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ഒരു വയോധികന് ചാടി. നിവേദനം നല്‍കാനാണ് വയോധികന് കാറിനെ തടഞ്ഞ് മുന്നില്‍ നിന്നത്.
ഒരു കാര്യം പറയാന്‍ ഉണ്ടെന്നും നിവേദനം നല്‍കണമെന്നും ദയനായമായി പറഞ്ഞാണ് വയോധികന് കാറിന് പിന്നാലെ ഓടിയതും തടഞ്ഞതും. എന്നാല്‍ സുരേഷ് ഗോപി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയോ ഗ്ലാസ് താഴ്ത്തുകയോ ചെയ്തില്ല. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ വയോധികനെ ബലമായി തള്ളിമാറ്റി. ആക്രോശിച്ചു കൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ വയോധികനെ തള്ളിമാറ്റിയത്. കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

മുതിര്‍ന്ന നേതാക്കള്‍ എത്തിയാണ് വയോധികനെ ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് രക്ഷിച്ചത്. ഇതോടെ കരഞ്ഞുകൊണ്ട് വയോധികന് പിന്മാറി. പള്ളിക്കത്തോട് സ്വദേശി ഷാജിയാണ് നിവേദനം നല്‍കാനെത്തിയത്. സാമ്പത്തിക സഹായം തേടിയാണ് കേന്ദ്രമന്ത്രിയെ കാണാന്‍ ശ്രമിച്ചത്.