മലപ്പുറം: മുസ്ലിം ലീഗിന്റെ സെയിൽസ് മാനേജരാണ് പി കെ ഫിറോസെന്നും പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നും മുൻ മന്ത്രി കെ ടി ജലീൽ.

ദോത്തി ചലഞ്ചെന്ന പേരിൽ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കൾ വാങ്ങിയതെന്നും വൻതട്ടിപ്പാണ് അന്ന് നടന്നതെന്നും കെ ടി ജലീൽ ആരോപിക്കുന്നു.
അതേസമയം ഫോർച്യൂൺ ഹൗസ് ജനറൽ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പികെ ഫിറോസെന്നും മാസം അഞ്ചേകാൽ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകൾ നിരത്തി കെ ടി ജലീൽ വെളിപ്പെടുത്തി.

2024 മാർച്ച് 23 മുതൽ ഈ ശമ്പളം കൈപ്പറ്റുന്ന ഫിറോസ് 2021 ൽ മത്സരിക്കുമ്പോൾ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തിൽ ബാധ്യത ഉള്ളയാൾക്ക് 2024 ആവുമ്പോഴേക്കും എങ്ങനെ ഇത്രയും ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീൽ ചോദിക്കുന്നു.