തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജനുവരി മുതല്‍ ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മൊത്തം കേസുകള്‍ 146 ആണ്. അഞ്ചുപേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതില്‍ ഒരാള്‍ മാര്‍ച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണം സംഭവിച്ചത്. കോഴിക്കോടും മലപ്പുറത്തും രണ്ടു മരണങ്ങളുണ്ടായിയെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഞായറാഴ്ച അവലോകനം നടത്തിയപ്പോള്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമായിരുന്നു. അതിലൊരു കുട്ടിയാണ് ഇന്നലെ മരിച്ചത്. നിപ ബാധിച്ച് ചികിത്സയിലുള്ള ആള്‍ക്കു മാത്രമേ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ. ഇതുവരെ 38 പേര്‍ക്ക് പരിശോധന നടത്തി. ഇതില്‍ 37 പേരും നെഗറ്റീവ് ആണ്.

പകര്‍ച്ചവ്യാധികളുടെ സംഖ്യ ഇത്തവണ കൂടുതലാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഇതും പകര്‍ച്ചവ്യാധി പടരാന്‍ കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പും, പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും ഇലക്ഷന്‍ മൂഡിലായി. അത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയ്ക്ക് കാരണമായി എന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ അടക്കം എല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്.
