കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപൽ എംപി.

വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർഥികളായി മുന്നോട്ടുവരരുതെന്നും ആരെയും സ്ഥാനാർഥിയാക്കുമെന്ന് വാക്ക് നൽകരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘സിറ്റ് ടു വിൻ’ നേതൃക്യാമ്പിന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് കെ സി ഇക്കാര്യം പറഞ്ഞത്.
യുഡിഎഫിന്റെ വിജയത്തെ തടയാൻ കോൺഗ്രസ് പാർട്ടിയിലെ അനൈക്യം മാത്രമേ കാരണമായുള്ളൂ. ഈ വസ്തുതയെ മനസ്സിലാക്കി വർധിതമായ ഐക്യത്തോടെ മുന്നോട്ടുപോകാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണം.

കോൺഗ്രസിൽ പ്രശ്നങ്ങൾ വരുത്തിതീർക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ തിരിച്ചറിയണം. നേതാക്കന്മാർ ചാനലുകളെ കാണുമ്പോൾ ജാഗ്രത പാലിക്കണം. പാവപ്പെട്ട പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഒരു വാക്കുപോലും ആരും പറയരുതെന്നും കെ സി പറഞ്ഞു.