കൊച്ചി: സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ലോട്ടറി വില്പ്പനക്കാരന് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി നടന് ജിഷിന് മോഹന്‍. സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതിനെ കുറച്ചുകാണുന്നില്ല എന്നാല്‍ നാട്ടുകാരുടെ പ്രവൃത്തി കണ്ട് ലജ്ജ തോന്നുന്നു എന്നാണ് ജിഷിന് പറയുന്നത്. സിദ്ധാര്‍ത്ഥിനെ പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് പകരം കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുകയായിരുന്നുവെന്നും അവന് കലാകാരനായതുകൊണ്ടാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും ജിഷിന് പറഞ്ഞു. ലോകത്ത് ആദ്യമായി മദ്യപിച്ച് വാഹനമോടിച്ച ആളല്ല സിദ്ധാര്‍ത്ഥ് എന്നും മിക്കവാറും എല്ലാവരും ക്രിസ്മസ് ന്യൂഇയര്‍ സമയത്തൊക്കെ മദ്യപിച്ച് വാഹനമോടിക്കുന്നവരാണെന്നും ജിഷിന് പറഞ്ഞു.

‘സിദ്ധാര്‍ത്ഥ് മദ്യപിച്ച് വാഹനം ഓടിച്ചിട്ട് ആ വാഹനം ഒരാളെ തട്ടി. അതിനെ ലഘൂകരിക്കുന്നില്ല. അതില്‍ ഭീകരമായി തോന്നിയത് നാട്ടുകാരുടെ പ്രവൃത്തിയാണ്. ഒരാളെ വണ്ടി തട്ടിയാല്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കാം. പക്ഷെ അവര്‍ അവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച്, റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ പ്രബുദ്ധമായ കേരളം? മധുവിനെ തല്ലിക്കൊന്നു എന്ന് പറഞ്ഞ് പരിതപിച്ചവരൊക്കെ എവിടെ? ഇപ്പോള്‍ പരിതാപമൊന്നും ഇല്ലേ ആര്‍ക്കും? അവനൊരു ആര്‍ട്ടിസ്റ്റാണ്, സെലിബ്രിറ്റിയാണ്. അവരെ അപ്പോ മാക്സിമം ചവിട്ടിത്താഴ്ത്തണം. അതാണല്ലോ വേണ്ടത്. അവന് ചെയ്തതുകൊണ്ടല്ലേ അങ്ങനെ അവനോട് ചെയ്തതെന്ന് ചിലര്‍ ചോദിക്കുമായിരിക്കും. നാട്ടുകാര്‍ ഇത് ചെയ്യാന്‍വേണ്ടിയാണോ? ഇവിടെ പൊലീസും കോടതിയുമൊന്നുമില്ലേ? ലോകത്ത് ആദ്യമായി മദ്യപിച്ച് വാഹനം ഓടിച്ച ആളൊന്നുമല്ല സിദ്ധാര്‍ത്ഥ്. ക്രിസ്മസ് ന്യൂഇയര്‍ സമയത്തൊക്കെ മിക്കവാറും എല്ലാവരും മദ്യപിച്ച് വാഹനമോടിക്കുന്നവരാണ്. അത് നല്ലതാണെന്ന് പറയുകയോ അനുകൂലിക്കുകയോ അല്ല. പക്ഷെ അതില്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ ചവിട്ടിക്കൂട്ടി നടുറോഡിലിട്ട് വലിച്ചിഴച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചിട്ടില്ല. പ്രബുദ്ധ കേരളമാണ് പോലും. നാണമില്ലേ കേരളത്തിലെ ജനങ്ങളേ… ലജ്ജ തോന്നുന്നു കേരളത്തോട്’: ജിഷിന് മോഹന്‍ പറഞ്ഞു.