കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ ലീഗ് എംഎൽഎ എം.സി.കമറുദ്ദീന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. ഫാഷൻ ഗോൾഡ് മുൻ ചെയർമാനായ കമറുദ്ദീന്റെ 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കമ്പനി ഡയറക്ടർ ബോർഡ് അംഗം ടി.കെ.പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
2006ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ആണ് കമ്പനി രജിസ്റ്റർ ചെയ്തത്. ആകെ 800 പേരിൽ നിന്ന് 150 കോടിയോളം രൂപയാണ് സമാഹരിച്ചത്.നിക്ഷേപകരെ കബളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് പിന്നീട് രജിസ്റ്റർ ചെയ്തത്. നിക്ഷേപകര്‍ക്ക് നല്‍കിയത് വ്യാജ സർട്ടിഫിക്കറ്റും.
ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചന്തേര തവക്കൽ കോംപ്ലക്സിലാണ് ആദ്യ കമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റു കമ്പനികൾ രജിസ്റ്റർ ചെയ്തത്.മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞാണ് നിക്ഷേപകരെ സ്വാധീനിച്ചത്.