പട്ന: ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി ബിഹാറിലെ ബിജെപി നേതാക്കള്‍.

നിതീഷ് കുമാര്‍ ഉപരാഷ്ട്രപതിയായാല്‍ അത് ബിഹാറിന് അഭിമാനമുളള കാര്യമാണെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ പറഞ്ഞു. ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ് ജെഡിയു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെയാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ‘ഒന്നും എന്റെ കൈകളിലല്ല, എങ്കിലും നിതീഷ് ജി ഉപരാഷ്ട്രപതിയായാല്‍ അത് ബിഹാറിന് അഭിമാന നിമിഷമായിരിക്കും. അദ്ദേഹത്തിന് ദീര്‍ഘകാല ഭരണ റെക്കോര്‍ഡുണ്ട്. -ഹരിഭൂഷണ്‍ താക്കൂര്‍ പറഞ്ഞു.
‘അദ്ദേഹം രാഷ്ട്രപതിയായാല്‍ എന്താണ് പ്രശ്നം? അത് ശരിക്കും നല്ല തീരുമാനമായിരിക്കും’ ബിജെപി മന്ത്രി നീരജ് കുമാര്‍ സിംഗ് ബബ്ലു പറഞ്ഞു. ബിഹാറില്‍ നിന്നുളള ഒരാള്‍ ഉപരാഷ്ട്രപതിയായാല്‍ സന്തോഷമായിരിക്കുമെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നുമാണ് മന്ത്രി പ്രേം കുമാര്‍ പറഞ്ഞത്.
