സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ - Kottayam Media

Health

സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Posted on

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐ.എം.എ മുന്നറിയിപ്പു നല്‍കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കും. എന്നാല്‍ രോഗം തീവ്രമാകാന്‍ സാധ്യത കുറവാണെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി പറഞ്ഞു.

2-3 ആഴ്ചത്തെ രോഗ വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. മൂന്നാം തരംഗം മുന്‍നിര്‍ത്തി ഐഎംഎ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. നിലവില്‍ വിവിധ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം അപര്യാപ്തമാണ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു.

സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30 ന് ഓണ്‍ലൈനായാണ് യോഗം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടതായ നിയന്ത്രണങ്ങളെ പറ്റി യോഗം ചര്‍ച്ച ചെയ്യും. കര്‍ശനമായ നിയന്ത്രണം വേണമെന്ന് ആരോഗ്യ, റവന്യൂ വകുപ്പുകള്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ സാഹചര്യം വിലയിരുത്തി ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏര്‍പ്പെടുത്തുക.

വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങള്‍ സജമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കും. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ സാഹചര്യം യോഗം പ്രത്യേകം വിലയിരുത്തും. അന്താരാഷ്ട്ര യാത്രക്കാരുടെ നിര്‍ബന്ധിത ക്വാറന്റൈനും നിരീക്ഷണവും ശക്തമാക്കും. പരിശോധനകള്‍ വ്യാപിപ്പിക്കും. സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിനുള്ള പ്രത്യേക മാനദണ്ഡങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അതോടൊപ്പം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. രാത്രികാല കര്‍ഫ്യൂ, സമ്പൂര്‍ണ അടച്ചിടല്‍ തുടങ്ങി കര്‍ശനമായ നിയന്ത്രണങള്‍ ഈ ഘട്ടത്തില്‍ ഏര്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. അതേസമയം സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍ നിര പോരാളികള്‍,60 കഴിഞ്ഞ ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ഇന്ന് മുതല്‍ കരുതല്‍ ഡോസ് വിതരണം ആരംഭിക്കും. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version