മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ആരോപണം തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടേ:മാത്യു കുഴൽനാടൻ - Kottayam Media

Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ആരോപണം തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടേ:മാത്യു കുഴൽനാടൻ

Posted on

  മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ആരോപണം ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് എം എല്‍ എ മാത്യൂ കുഴല്‍നാടന്‍. കഴിഞ്ഞ ദിവസം വീണയെ സംബന്ധിച്ച്‌ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ മാത്യൂ കുഴല്‍നാടന്‍ ആരോപണം തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടേയെന്നും വെല്ലുവിളിച്ചു. വീണയുടെ സ്ഥാപനമായ ഹെക്സാ ലോജികിന്റെ, വെബ്സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്ത് വിടുകയും ചെയ്തു.

 

 

 

വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയില്‍ പി ഡബ്ല്യൂ സി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നുമായിരുന്നു മാത്യൂ കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തന്റെ മകള്‍ ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ കാര്യം. അതേസമയം ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ സൈറ്റില്‍ നിന്നും ഈ വിവരം എന്തിനാണ് മാറ്റിയതെന്നാണ് മാത്യൂ കുഴല്‍നാടന്‍ ചോദിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വെബ്സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കില്‍ കേസുകൊടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും മാത്യൂ കുഴല്‍നാടന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. 2020 മേയ് 20 വരെ ജെയ്ക്ക് മെന്ററാണെന്ന വിവരം വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് നീക്കം ചെയ്തു. ഈ വിവരം മാറ്റിയതെന്തിനെന്നു പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടോ?

സ്വപ്ന സുരേഷിനെ സെക്രട്ടറിയേറ്റില്‍ അല്ലെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയാണെന്ന്ത് നിഷേധിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. 107 തവണ വെബ്സൈറ്റ് അപ്ഡേഷന്‍ നടത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായി. പിന്നീട് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version