ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ‘സി’ കാറ്റഗറിയിലാവാൻ സാധ്യത:ഇന്നത്തെ അവലോകന യോഗം നിർണ്ണായകം - Kottayam Media

Health

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ‘സി’ കാറ്റഗറിയിലാവാൻ സാധ്യത:ഇന്നത്തെ അവലോകന യോഗം നിർണ്ണായകം

Posted on

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ‘സി’ കാറ്റഗറിയിലാവാൻ സാധ്യതയുണ്ട്. ഇന്നു ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ടിലുളളത്.


ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ‘സി’ കാറ്റഗറിയില്‍ വരുക. നിലവില്‍ തിരുവനന്തപുരം മാത്രമാണ് ‘സി’ വിഭാഗത്തിലുളളത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കടന്നു. ആശുപത്രി സൗകര്യങ്ങള്‍ കുറവായ ഇടുക്കിയില്‍ 377 പേരാണ് ചികിത്സയിലുളളത്. 17 ഐസിയു കിടക്കകളും 23 ഒാക്സിജന്‍ കിടക്കകളുമാണ് കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. 36 കിടക്കകളില്‍ രോഗികളുണ്ട്.

കോട്ടയത്ത് ഇന്നലെ വരെയുളള കണക്കനുസരിച്ച് 826 രോഗികള്‍ ചികിത്സയിലുണ്ട്. ആകെ രോഗികള്‍ 21,249 ആയി ഉയര്‍ന്നു. 12,434 പേര്‍ പോസിറ്റീവായ പത്തനംതിട്ടയില്‍ 677 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. കോവിഡ് കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു. കാറ്റഗറി ഒന്നിലുളള മലപ്പുറത്തും നിയന്ത്രണങ്ങളില്‍ ഇതുവരെപെടാത്ത കോഴിക്കോടും രോഗബാധിരുടെ എണ്ണമുയരുന്നുണ്ട്. ഈ ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ആള്‍ക്കൂട്ട നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version