ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഐ സി എം ആർ വക്താവ് - Kottayam Media

Health

ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഐ സി എം ആർ വക്താവ്

Posted on

ന്യൂഡൽഹി: നിലവിൽ ഇന്ത്യയിലെ കോവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ. രാജ്യത്തെ വാക്സിൻ വിതരണം വളരെ പ്രയോജനകരമായെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യയിൽ വാക്സിനേഷൻ മൂലം മരണങ്ങൾ കുറഞ്ഞു. മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുന്നതിനും വാക്സിനേഷൻ ഒരുപരിധിവരെ കാരണമായി. എന്നിരുന്നാലും അസുഖമുള്ളവർ ആരോഗ്യം നിരീക്ഷിക്കുകയും സങ്കീർണതകൾ ഒഴിവാക്കുകയും വേണം’, അദ്ദേഹം കൂട്ടിച്ചേർത്തു.

മരണം തടയാൻ വാക്സിൻ സഹായിക്കുന്നു എന്നതിനാൽ വാക്സിനെടുക്കേണ്ടത് നിർബന്ധമാണ്. രാജ്യത്ത് 94% പേർ ആദ്യ ഡോസും 72% രണ്ടു ഡോസും എടുത്തവരാണ്. വീടുകളിൽ കോവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ രണ്ടു ലക്ഷം ആളുകളാണ് ഇത്തരത്തിൽ പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 16% ടിപിആർ എന്നത് വളരെ ഉയർന്ന നിരക്കാണെന്നും ഗോവയെപ്പോലെ ചില സംസ്ഥാനങ്ങളിൽ ഇത് 50%-ത്തിന് മുകളിലാണെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ ചൂണ്ടിക്കാട്ടി. കോവിഡ് അണുബാധ തടയുന്നതിൽ വാക്സിനേഷനുള്ള പങ്ക് എടുത്തുപറഞ്ഞ ഡോ. പോൾ, വാക്സിൻ മരണനിരക്ക് വലിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും മറ്റു രോഗങ്ങളുള്ളവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി.

 

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് പ്രതിദിന കണക്ക് മൂന്ന് ലക്ഷം കടന്നു. 13 സംസ്ഥാനങ്ങളിൽ മരണനിരക്കിൽ വർധനയുണ്ടായി. കോവിഡ് ബാധിത രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്.

 

രോഗവ്യാപനം വർധിച്ചതോടെ കേന്ദ്ര സംഘത്തെ ഈ സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരന്തരം വിലയിരുത്തുന്നുണ്ട്. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ ഉള്ളവരുടെ എണ്ണം കുറവാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം പരിശോധനയും വർധിച്ചു.

വാക്സിനേഷൻ 160 കോടി ഡോസ് പിന്നിട്ടു. 72 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചത് ഗുണകരമായതായി ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണ് റിപ്പോർട്ട് ചെയ്തത്. 3,17,532 പേർ രോഗബാധിതരായി. 491 പേർ മരിച്ചു.

പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയർന്നു. ഒമിക്രോൺ ബാധിതർ 9,287. ഇതിനിടെ, ജനിതക ശ്രേണീകരണത്തിനുള്ള രാജ്യത്തെ ലാബുകളിൽ അഞ്ചണ്ണം സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version