കൊച്ചി: പള്ളുരുത്തി റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.

ക്ലാസ്മുറികളില്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഒന്നാണെന്നും മത വിശ്വാസത്തിന്റെ ഭാഗമായ ചിഹ്നങ്ങള്‍ വേണോ വേണ്ടയോ എന്നത് വ്യക്തിപരമായി ഒരാള്‍ എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിങ്ങനെ

ക്ലാസ് മുറികളിൽ ഞങ്ങൾ വിദ്യാർത്ഥികൾ എല്ലാവരും ഒന്നാണ്! മതനിരപേക്ഷ സമൂഹം എന്നത് എല്ലാ മനുഷ്യരുടെയും മത വിശ്വാസങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ്. കേരളം കാത്തുസൂക്ഷിക്കുന്ന സംസ്കാരവും അത് തന്നെയാണ്. മത വിശ്വാസത്തിൻ്റെ ഭാഗമായ ചിഹ്നങ്ങൾ വേണോ വേണ്ടയോ എന്നത് വ്യക്തിപരമായി ഒരാൾ എടുക്കേണ്ട തീരുമാനമാണ്.
ചന്ദനക്കുറിയും, ശിരോവസ്ത്രവും, കൊന്ത മാലയുമെല്ലാം നമ്മുടെ ക്ലാസ് മുറികളിൽ മത വിശ്വാസത്തിൻ്റെ ഭാഗമായി ധരിക്കുന്നവരുണ്ട്. ഇവ ധരിക്കുമ്പോഴും ഈ ചിഹ്നങ്ങളൊന്നും പരസ്പര അകൽച്ചയ്ക്കൊ, വേർതിരിവിനോ നമ്മുടെ ക്ലാസ്സിൽ ഇടയാകിയിട്ടില്ല. അത് കൊണ്ടുതന്നെ ധരിക്കുന്നവരാണ് ഇതൊക്കെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ധരിക്കാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കുകയും വേണ്ട, ഇഷ്ടമുള്ളവരെ തടയുകയും വേണ്ട.
തിരഞ്ഞെടുക്കാനുള്ള വിവേകമുള്ളവരായി നമ്മുടെ പുതിയ തലമുറ വളരട്ടെ. എന്ത് വസ്ത്രം ധരിച്ചാലും, ഏത് മതത്തിൽ വിശ്വസിച്ചാലും, ഏത് ജീവത സാഹചര്യത്തിൽ നിന്ന് വന്നാലും ക്ലാസ് മുറികളിൽ ഞങ്ങൾ വിദ്യാർത്ഥികൾ എല്ലാവരും ഒന്നാണ്! പക്ഷെ, മുറിവിൽ ഉപ്പ് പുരട്ടാൻ വരുന്നവരെ സൂക്ഷിക്കുക!