കൊച്ചി: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നും ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം അറിയിക്കുന്നത് ബുദ്ധിമുട്ടാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാത്രമല്ല, ശമ്പളം, അലവന്‍സ്, പെന്‍ഷന്‍, ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത തുടങ്ങിയവ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

2023 ജൂലൈ മുതല്‍ 6 ഗഡുക്കളിലായി 15 ശതമാനം ക്ഷാമബത്ത കുടിശികയായുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന പ്രസിഡന്റ് എന്‍ മഹേഷും ഭാരവാഹികളും നല്‍കിയ ഹര്‍ജിക്കുള്ള അധിക മറുപടി സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് സംസ്ഥാനത്തിനു ഫണ്ട് ലഭ്യമല്ലാത്തതെന്നും കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി മുമ്പാകെയുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.