ചണ്ഡീഗഡ്: പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്ന സംശയത്തിന് പിന്നാലെ ഹരിയാനയിൽ വിദ്യാർത്ഥി പിടിയിൽ. പട്യാലയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന ദേവേന്ദ്ര സിങ് ധില്ലോൺ എന്ന 25 വയസുകാരനാണ് പിടിയിലായത്.

ഫേസ്ബുക്കിൽ തോക്കുകൾ അടക്കമുള്ള ഫോട്ടോകൾ അപ്ലോഡ് ചെയ്തതിനാണ് ഇയാളെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ഇയാൾ കർത്താപൂർ ഇടനാഴി വഴി കഴിഞ്ഞ നവംബറിൽ പാകിസ്താനിലേക്ക് പോയതായും ഐഎസ്‌ഐയുമായി നിർണായക വിവരങ്ങൾ പങ്കുവെച്ചതായും സംശയം ഉയർന്നു.

ഇയാൾക്ക് വേണ്ടി ഐഎസ്ഐ പണം മുടക്കിയതായും സൂചനയുണ്ട്. മാസ്റ്റേഴ്സ് വിദ്യാർത്ഥിയായ ഇയാൾ പട്യാലയിലെ മിലിട്ടറി കന്റോണ്മെന്റിന്റെ വിവരങ്ങൾ പാകിസ്താന് ചോർത്തിനൽകി എന്നാണ് പൊലീസ് പറയുന്നത്. ദേവേന്ദ്രയുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി പൊലീസ് പിടിച്ചുവെച്ചു. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പാകിസ്താനിൽ നിന്ന് പണം വന്നോ എന്നതടക്കം പരിശോധിക്കും.

