പാർട്ടി ആഫീസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ആയിരുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുര മരണമടഞ്ഞു - Kottayam Media

Kerala

പാർട്ടി ആഫീസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ആയിരുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുര മരണമടഞ്ഞു

Posted on

 

കോട്ടയം :കടപ്ലാമറ്റം : കേരളാ കോൺഗ്രസ് (എം)   പാർട്ടി ആഫീസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ആയിരുന്ന കടപ്ലാമറ്റം  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുര (76) മരണമടഞ്ഞു.ഏതാനും നിമിഷങ്ങൾക്ക് മുൻപ് ചേർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം(7.53 പി എം )  .ഭാര്യ ലിസമ്മ ജോയിയും ,ഏക മകൾ സ്വപ്നയും അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു.

ഈ മാസം ഏഴാം തീയതിയാണ് ജോയി കല്ലുപുരയെ അബോധാവസ്ഥയിൽ ചേർപ്പുങ്കൽ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.കേരളാ കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ആഫീസിൽ വച്ചുണ്ടായ സംഘർഷത്തെ തുടർന്നാണ് ജോയി കല്ലുപുര പാർട്ടി ആഫീസിൽ കുഴഞ്ഞു വീണത്.കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോയി കല്ലുപുര തൽസ്ഥാനത്ത് നിന്നും മാറി തന്റെ ഭാര്യ ആയ ബീനാ തോമസിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആക്കണമെന്ന് ഒരു നേതാവ് വാശി പിടിച്ചതാണ് പാർട്ടി ആഫിസിലെ സംഘർഷത്തിന് കാരണം.

ജോയി കല്ലുപുരയെ പിന്തുണയ്ക്കുന്നവരെ വിളിക്കാതെ ജോയി വിരുദ്ധരെ വിളിച്ചു കൂട്ടിയ യോഗത്തിലെ ആധിപത്യമുപയോഗിച്ച് ജോയിയെ മാനസീകമായി തകർക്കുകയും ,വാടാ പോടാ വിളികൾ ഉണ്ടാവുകയും ചെയ്‌തെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതിനെ തുടർന്ന് ജോയി കല്ലുപുര കുഴഞ്ഞു വീണിട്ടും ആശുപത്രിയിൽ കൊണ്ട് പോകാൻ പാർട്ടി ശത്രുക്കൾ കൂട്ടാക്കിയില്ലെന്നും ,വാഹനത്തിൽ കയറ്റാൻ ഒരു വിഭാഗം സഹായിച്ചു പോലുമില്ലെന്നും പൊതുവെ സംസാരമുണ്ട്.

ആശുപത്രിയിൽ എത്തിയ ജോയി കല്ലുപുര യന്ത്ര സഹായത്തോടെയാണ് ജീവൻ നില നിർത്തി വന്നത്.1980 മുതൽ 2000 വരെ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.,പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.2000 മുതൽ 2005 വരെ ഉഴവൂർ ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു.എന്നാൽ 2005 ലെ ജില്ലാ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അദ്ദേഹം എൽ ഡി എഫ് സ്ഥാനാർഥി ബിജു കൈപ്പാറേടനോട് തോൽക്കുകയുണ്ടായി.സ്വന്തം പാളയത്തിലെ കാലുവാരൽ ആയിരുന്നു ആ തോൽവിക്ക് കാരണം .അതിനു ശേഷം 10 വർഷത്തോളം രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചിരുന്നു.ആയിടെ ഭാര്യ ലിസമ്മയ്‍ക്കു കടുത്ത രോഗ ബാധ ഉണ്ടായിരുന്നതിനാൽ അദ്ദേഹം മാനസീകമായി ദുഖിതനുമായിരുന്നു.എന്നാൽ രോഗ പീഡയിൽ നിന്നും ലിസമ്മയ്ക്ക് ആശ്വാസം ലഭിച്ചപ്പോൾ വീണ്ടും അദ്ദേഹം മത്സരിക്കുകയും വിജയിക്കുകയും.കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആവുകയുമായിരുന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version